തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് എതിരായ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ വിഴിഞ്ഞ് രണ്ടു ദിവസത്തേക്ക് മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സമരത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷസാധ്യത കണത്തിലെടുത്താണ് മദ്യശാലകള്‍ നാളെ മുതല്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സമരം അവസാനിപ്പിക്കാനായി കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വരാന്‍ തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നത്.
മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.