ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും മിന്നല്‍ പ്രളയം; റോഡുകള്‍ ഒലിച്ചുപൊയി, പാലങ്ങള്‍ തകര്‍ന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പതിനാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. സമീപജില്ലകളിലും കനത്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാണ്ഡി ജില്ലയിലെ ഒട്ടേറെ പാലങ്ങളും റോഡുകളും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ഒരു റെയില്‍വേ പാലവും തകര്‍ന്നതില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ വാഹനങ്ങളും ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇവിടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദികളുടെയും നീര്‍ച്ചാലുകളുടെയും സമീപത്തേക്ക് നാട്ടുകാരും ടൂറിസ്റ്റുകളും പോകരുതെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 25 വരെ സംസ്ഥാനത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

ഇതിനിടെ ഉത്തരാഖണ്ഡിലും മേഘസ്‌ഫോടനുണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകുകയും പാലങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സോങ് നദിയിലെ പാലം ഒലിച്ചുപോയി.