എല്ലാ ലോ കോളെജുകളിലും അംബേദ്കറുടെ ചിത്രം സ്ഥാപിക്കണം: മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ ലോ കോളെജുകളിലും ഇന്ത്യയുടെ ഭരണഘടന ശില്പി ഡോ.ബി.ആര്‍. അംബേദ്കറുടെ ചിത്രം സ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോളെജ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരോട് തര്‍ക്കിച്ചതിന് അച്ചടക്ക നടപടിയ്ക്ക് വിധേയനായ ലോ കോളെജ് വിദ്യാര്‍ത്ഥിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് മധുര ബെഞ്ചിന്റെ ഉത്തരവ്. തേനി ലോ കോളെജില്‍ ദലിത് വിദ്യാര്‍ത്ഥിയാണ് അച്ചടക്ക നടപടിയ്‌ക്കെതിരെ ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്.

പ്രിന്‍സിപ്പാളിന്റെ മുറിയില്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്നും അധ്യയന മാധ്യമം തമിഴ് ആക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോളെജില്‍ യുവാവ് പ്രതിഷേധം നടത്തിയത്. ഇതിന്റെ പേരില്‍ അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

ഹര്‍ജിയില്‍ മൂന്ന് അധ്യാപകരെ എതിര്‍കക്ഷികളാക്കി ചേര്‍ത്തിരുന്നുവെങ്കിലും കോടതി ഇടപെട്ട് ഇത് പിന്‍വലിപ്പിച്ചു. പ്രിന്‍സിപ്പാളിന് മാപ്പ് എഴുതിക്കൊടുത്ത് കോളെജില്‍ തിരിച്ചുകയറാന്‍ നിര്‍ദ്ദേശിച്ച സിംഗിള്‍ ബെഞ്ച് വിദ്യാര്‍ത്ഥിക്ക് പതിനായിരം രൂപ അഡ്വക്കേറ്റ്‌സ് ക്ഷേമ ബോര്‍ഡ് ട്രസ്റ്റില്‍ നിന്ന് നില്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.