കൊച്ചി: ദേശീയപാതയിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഹൈക്കോടതി. ഇത് മനുഷ്യനിര്‍മ്മിത ദുരന്തമെന്നും കോടതി ആവര്‍ത്തിച്ചു. അപകടങ്ങള്‍ പതിവാകുന്നതില്‍ കോടതിയ്ക്ക് ആശങ്കയുണ്ട്. ആരാണ് അതിന് ഉത്തരവാദികളെന്ന് ദേശീയപാത അതോരിറ്റിയോട് കോടതി ചോദിച്ചു.
ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കളക്ടര്‍മാര്‍ ഉടന്‍ ഇടപെടണം. ദേശീയപാതയിലെ കുഴികള്‍ മൂലം അപകടം ഉണ്ടായാല്‍ ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 31-ാം തീയതി വിജിലന്‍സ് ഡയറക്ടര്‍ ഓണ്‍ലൈനില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം 20 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയപാത അതോരിറ്റി കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ 160 റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.