കൊളംബോ: ഇന്ത്യയുടെ കടുത്ത എതിര്‍പ്പും ആശങ്കയും അവഗണിച്ച്, ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരത്തടുക്കാന്‍ അനുമതി നല്‍കിയ ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഹംബന്‍ടോട്ട തുറമുഖത്തെത്തി. ചൊവ്വാഴ്ച രാവിലെയാണ് കപ്പല്‍ തീരത്തെത്തിയത്. പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പല്‍ ഈ മാസം 22 വരെ ശ്രീലങ്കന്‍ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടെയുള്ള ചൈനയുടെ ഈ ചാരക്കപ്പലില്‍ ഏകദേശം രണ്ടായിരത്തോളം നാവികരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലിന്റെ വരവില്‍ ഇന്ത്യയും യുഎസും കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. നേരത്തെ ഓഗസ്റ്റ് 11-ന് ഹംബന്‍ടോട്ട തുറമുഖത്ത് കപ്പല്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കപ്പലിന് പ്രവേശനാനുമതി നല്‍കുന്നത് നീളുകയായിരുന്നു.
കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പിടിച്ചെടുത്ത് വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാന്‍ വാങ് 5. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണ് കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. 750 കിലോമീറ്റര്‍ ആകാശപരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാന്‍ ചൈനീസ് ചാരന് കഴിയുമെന്നതിനാല്‍ കൂടംകുളം, കല്‍പ്പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോ എന്ന ആശങ്കയിലാണ് സുരക്ഷാ ഏജന്‍സികള്‍.