ന്യൂഡെല്‍ഹി: രാജ്യത്തിന്റെ 75-ാത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രമുഖ കമ്പനിയായ ഒല ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളാണ് കമ്പനിയുടെ വാഹനം രാജ്യത്തിന് പരിചയപ്പെടുത്തിയത്. ഒല ഇലക്ട്രിക് കാറിന് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് അഗര്‍വാള്‍ പറഞ്ഞു.
അത്യാധുനിക കമ്പ്യൂട്ടര്‍, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റില്‍ലെസ് ഡോറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാറിനുണ്ട്. ഒലയുടെ സ്വന്തം മൂവ് ഓസ് ആയിരിക്കും കാറില്‍ ഉണ്ടായിരിക്കുക. കാര്‍ ഉടമകള്‍ക്ക് നിരന്തരം ഒടിഎ അപ്‌ഡേറ്റുകള്‍ ലഭിക്കും. സമ്പൂര്‍ണ്ണമായും ഗ്ലാസ് റൂഫ് ആയിരിക്കും ഈ ഇലക്ട്രിക് കാര്‍.
ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് മുമ്പ് തന്നെ ഒല കമ്പനി സൂചന നല്‍കിയിരുന്നു. 99,999 രൂപയ്ക്ക് ഒല പ്രീമിയം ഡിസൈനോടെയുള്ള പുതിയ ഒല എസ്-1 സ്‌കൂട്ടറുകളും കമ്പനി ഇന്ന് അവതരിപ്പിച്ചിട്ടുണ്ട്.