കൊളംബോ: ഇന്ത്യയുടെയും യുഎസിന്റെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5ന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കി. ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്തെത്തുന്നതില്‍ ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചെങ്കിലും അത് വകവെയ്ക്കാതെയാണ് ശ്രീലങ്കയുടെ നടപടി. കപ്പലിന് ഓഗസ്റ്റ് 16 മുതല്‍ 22 വരെ ശ്രീലങ്കയില്‍ ചൈനീസ് മേല്‍നോട്ടത്തിലുള്ള ഹംബന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല്‍ പി.സില്‍വ വ്യക്തമാക്കി.
എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്നും ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.
ഹംബന്‍ടോട്ട തുറമുഖത്ത് നേരത്തെ ഓഗസ്റ്റ് 11-ന് കപ്പല്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കപ്പലിന് പ്രവേശനാനുമതി നല്‍കുന്നത് നീളുകയായിരുന്നു. കിഴക്കന്‍ ഹംബന്‍ടോട്ടയ്ക്ക് 600 നോട്ടിക്കല്‍ മൈല്‍ അകലെയെത്തിയ കപ്പല്‍ തുറമുഖത്തേക്കുള്ള പ്രവേശനാനുമതിയ്ക്കായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.