ഷാ ഫൈസലിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു; ടൂറിസം വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം

ന്യൂഡെല്‍ഹി: ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ കശ്മീരി ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ കേന്ദ്ര സര്‍വ്വീസില്‍ തിരിച്ചെത്തി. ടൂറിസം മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമനം. നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 2019 ജനുവരിയിലാണ് ഷാ സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.

കശ്മീരില്‍ ഭരണകൂട പിന്തുണയോടെ നടക്കുന്ന നിരന്തര കൊലപാതകങ്ങള്‍, ഇന്ത്യന്‍ മുസ്‌ലീങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ എന്നിവയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ നിന്ന് വിരമിച്ചിരുന്നു. അതിനുശേഷം ഷാ സര്‍വ്വീസിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഷാ ഫൈസല്‍ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കി. തടങ്കലില്‍ നിന്ന് മോചിതനായ ശേഷം ഷാ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഷാ ഫൈസലിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല.