കൊച്ചി: സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസില്‍ അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തിനില്‍ക്കെ, കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കേസുകളുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് ചെന്നൈയിലേക്ക് സ്ഥലം മാറ്റിയത്.
10 ദിവസത്തിനകം ചെന്നൈയിലെ സോണല്‍ ഓഫീസില്‍ ജോയിന്‍ ചെയ്യാനാണ് ഇഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെയാണ് നിലവില്‍ സ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. കേസിന്റെ തുടര്‍ നടപടികള്‍ക്ക് നിലവില്‍ കൊച്ചിയിലുള്ള ജോയിന്റ് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കുമെന്നാണ് ഇഡി വിശദീകരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിന് അടക്കം നേതൃത്വം നല്‍കിയത് രാധാകൃഷ്ണനായിരുന്നു. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയിലും അന്വേഷണത്തിന് നേതൃത്വം നല്‍കിയത് രാധാകൃഷ്ണനാണ്.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെയും രഹസ്യമൊഴിയുടെയും പശ്ചാത്തലത്തില്‍ ഇഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീണ്ടേക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മാറ്റം. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കേസ് അട്ടിമറിയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.