കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഇന്നലെ രജൗരിയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിഹാര്‍ സ്വദേശിയായ അന്യ സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ ഭീകരരുടെ വെടിവെപ്പ് നടന്നത്. ബന്ദിപ്പോര്‍ ജില്ലയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വെടിവെയ്പ്പില്‍ ഗുരുതര പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കശ്മീര്‍ സോണ്‍ പൊലീസാണ് ആക്രമണവിവരം പുറത്തുവിട്ടത്.

ജമ്മു കശ്മീരിലെത്തുന്ന അന്യ സംസ്ഥാനക്കാരെ തേടികണ്ടുപിടിച്ച് ഭീകരരുടെ ആക്രമണം അടുത്തിടെയായി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വാരവും ബിഹാര്‍ സ്വദേശിയായ ഒരു അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.

വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ നാല് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഗ്രനേഡ് എറിഞ്ഞ പര്‍ഗലിലെ സൈനിക ക്യാമ്പിലേക്ക് കടക്കാനായിരുന്നു ഭീകരര്‍ ശ്രമിച്ചത്. എന്നാല്‍ കാവല്‍ നിന്ന സൈനികര്‍ തിരിച്ചടിയ്ക്കുകയായിരുന്നു. പാക് അധീന കശ്മീരില്‍ നിന്നും നുഴഞ്ഞുകയറിയ ലഷ്‌കറെ തൊയ്ബ ഭീകരരായിരുന്നു ക്യാമ്പ് ആക്രമണത്തിന് പിന്നില്‍.