മനുസ്മൃതിയില്‍ മാന്യമായ സ്ഥാനം നല്‍കി, ഇന്ത്യന്‍ സ്ത്രീകള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍

ന്യൂഡെല്‍ഹി: മനുസ്മൃതിയെക്കുറിച്ചുള്ള ഹൈക്കോടതി ജഡ്ജി പ്രതിഭ എം.സിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍. മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങള്‍ സ്ത്രീകള്‍ക്ക് വളരെ മാന്യമായ സ്ഥാനം നല്‍കുന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നായിരുന്നു ജഡ്ജി പറഞ്ഞത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പ്രതിഭ എം.സിങ്.

ഇന്ത്യയിലെ സ്ത്രീകള്‍ അനുഗ്രഹീതരാണെന്ന് ഞാന്‍ ശരിക്കും കരുതുന്നു. അതിന് കാരണം നമ്മുടെ വേദങ്ങള്‍ എപ്പോഴും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പൂജകളും ആരാധനകളും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് മനുസ്മൃതിയില്‍ പറയുന്നത്. ജഡ്ജി പറഞ്ഞു.

ജോലി ചെയ്യുന്ന സ്ത്രീകള്‍ കൂട്ടുകുടുംബത്തില്‍ ജീവിക്കണമെന്നും ജഡ്ജി ഉപദേശിച്ചു. ഇത്തരം കുടുംബങ്ങളിലെ പുരുഷന്മാര്‍ പ്രായവും ബുദ്ധിയും ഉള്ളവരായതിനാല്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.

അങ്ങനെ കൂട്ടുകുടുംബങ്ങളിലുള്ളവര്‍ ജീവിക്കുന്നവര്‍ വിഭവങ്ങള്‍ പങ്കിടുന്നു. എനിക്ക് എന്റെ സമയം വേണം, എനിക്ക് ഇത് വേണം എന്ന് പറയുന്ന രീതിയില്‍ സ്വാര്‍ത്ഥരായിരിക്കില്ല. വിട്ടുവീഴ്ച ചെയ്യാനും കാര്യങ്ങള്‍ ക്രമീകരിക്കാനും കഴിയും. കൂട്ടുകുടുംബ വ്യവസ്ഥയുടെ പ്രയോജനങ്ങള്‍ ഒരു അണുകുടുംബത്തിലേതിനേക്കാള്‍ കൂടുതലാണ്. പ്രതിഭ എം.സിങ് പറഞ്ഞു.

അതേസമയം ജഡ്ജിയുടെ പരാമര്‍ശത്തെ വനിതാ സംഘടനകള്‍ അപലപിച്ചു. ജഡ്ജി സ്വീകരിച്ച നിലപാടിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും സ്ത്രീകളെ മാനസ്സികമായും ശാരീരികമായും അടിച്ചമര്‍ത്തുന്നത് മറച്ചുവെക്കാന്‍ ജഡ്ജി ബോധപൂര്‍വ്വം മനുസ്മൃതി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ കുറ്റപ്പെടുത്തി. മനുസ്മൃതിയില്‍ പറയുന്നത് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ മേലുള്ള നിയന്ത്രണമാണ്. എല്ലാ ജാതിവ്യവസ്ഥയും വര്‍ണ്ണവിവേചനം നിലനിര്‍ത്താനാണ്. ഒരു ന്യായാധിപന്‍ ഇതിനെയെല്ലാം ബഹുമാനം എന്ന് വിളിക്കുന്നത് അസംബന്ധമാണെന്ന് ആക്ടിവിസ്റ്റ് കവിത കൃഷ്ണന്‍ പറഞ്ഞു.