ന്യൂഡെല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സര്‍ പുകവലിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇത്തരം ആപത്കരമായ സംഭവങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാനാകില്ല. സംഭവത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ശേഷം കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദുബായില്‍ നിന്നും ന്യൂഡെല്‍ഹിയിലേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സഞ്ചരിച്ച ബല്‍വീന്ദര്‍ സിങ് കട്ടാരിയ (ബോബി കട്ടാരിയ) എന്ന യാത്രക്കാരനാണ് വിമാനത്തിനുള്ളില്‍ വെച്ച് പുകവലിച്ചത്. ഈ വര്‍ഷം ജനുവരി 23-നാണ് ഇയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആറ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫൈ ചെയ്തിട്ടുള്ളതാണ്. പുകവലി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ബോബി കട്ടാരിയയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.