തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെയ്ഡ്. കൊച്ചിയില്‍ നിന്നെത്തിയ സംഘം രാവിലെ എട്ട് മണിയോടെയാണ് പരിശോധനകള്‍ ആരംഭിച്ചത്. തട്ടിപ്പുകേസിലെ പ്രതികളായ ബിജോയ്, കെ.കെ.ദിവാകരന്‍, ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍ തുടങ്ങിയവരുടെ വീടുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഒരേസമയം അഞ്ചിടത്ത് വലിയ സുരക്ഷാസന്നാഹത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്.
കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
300 കോടിയോളം രൂപയുടെ തട്ടിപ്പാണ് സിപിഐഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അരങ്ങേറിയത്. 2017 ഡിസംബറിലാണ് അഴിമതി നടക്കുന്നുവെന്ന സൂചന പുറത്തുവന്നത്. ബാങ്കിലെ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമരത്തിലാണ് നിക്ഷേപകര്‍.
അതേസമയം ന്യായമായ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതുവരെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇനി പണം നല്‍കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഏറ്റവും അത്യാവശ്യമുള്ളവര്‍ക്ക് പണം നല്‍കാം. എന്നാല്‍ ഹൈക്കോടതിയില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. കാലാവധി പൂര്‍ത്തിയായ 142 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ബാങ്ക് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.