മദ്യപിച്ചുകൊണ്ടുള്ള വാഹനാപകടം; സഹയാത്രികരുടെ പേരിലും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്യപിച്ച് വാഹനാപകടമുണ്ടായാല്‍ സഹയാത്രക്കാരുടെ പേരിലും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മനഃപൂര്‍വ്വമല്ലാത്ത നരഹത്യാപ്രേരണയ്ക്കാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അപകടം സംഭവിക്കുമ്പോള്‍ വാഹനമോടിച്ചിരുന്നില്ലെന്നും മദ്യപിച്ചിരുന്നില്ലെന്നുള്ള വാദം നിയമനടപടികളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കാത്ത കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാഹനമോടിക്കുന്നയാള്‍ മദ്യലഹരിയാണെന്ന് അറിഞ്ഞിട്ടും കൂടെ യാത്ര ചെയ്താല്‍ അതിനര്‍ത്ഥം അയാളുടെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്നതായി കണക്കാക്കുമെന്നും ജസ്റ്റിസ് ഭാരത ചക്രവര്‍ത്തി വിധിന്യായത്തില്‍ പറഞ്ഞു.

പാതിരാത്രി മദ്യലഹരിയില്‍ വാഹനമോടിച്ചയാള്‍ മൂന്ന് കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട് മരിച്ച സംഭവത്തില്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന സഹയാത്രികയായ ഡോക്ടറുടെ ആവശ്യം തള്ളിയാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 2013-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഹര്‍ജിക്കാരിയായ വി.ലക്ഷ്മിയുടെ സഹോദരനാണ് വാഹനമോടിച്ചിരുന്നത്. മദ്യപിച്ചിരുന്നില്ലെന്നും അപകടസമയത്ത് വാഹനമോടിച്ചത് താനല്ലെന്നും അതുകൊണ്ട് കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷ്മി നല്‍കിയ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കാറിന്റെ മുന്‍സീറ്റിലാണ് പരാതിക്കാരി ഇരുന്നതെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി സഹോദരന്‍ മദ്യപിച്ചിരുന്നെന്ന കാര്യം അറിയാമായിരുന്നുവെന്നുവേണം കരുതാനെന്ന് അഭിപ്രായപ്പെട്ടു. അസമയത്ത് കറങ്ങാന്‍ കാറില്‍ കൂടെപ്പോയി എന്നത് വാഹനമോടിയ്ക്കാനും അപകടമുണ്ടാക്കാനുമുള്ള പ്രോത്സാഹനമായി കാണണം. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള പ്രേരണാക്കുറ്റത്തില്‍ നിന്ന് ഹര്‍ജിക്കാരിയ്ക്ക് ഒഴിയാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി.