പൈനാവ്: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി പി.രാജീവ്. ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറ്റിലെത്തിയാലും ഒഴുകിയെത്തുന്ന ജലം സുഗമമായി ഒഴുകിപ്പോകും. ഓപ്പറേഷന്‍ വാഹിനി പദ്ധതിയ്ക്ക് ശേഷം പെരിയാറിന്റെ കൈവഴികളിലൂടെയുള്ള നീരൊഴുക്ക് സുഗമമായിട്ടുണ്ട്. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകളെല്ലാം തുറന്ന നിലയിലാണ്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവില്‍ പെരിയാറിലെ മാര്‍ത്താണ്ഡവര്‍മ്മ പാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളിലെ ജലനിരപ്പ് കുറയുകയാണ്. ഇവിടെ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.
പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ക്യാംപുകളും സജ്ജമാക്കിയിട്ടുണ്ട്. ക്യാംപുകളിലേക്കുളള ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും തയ്യാറാണ്. മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.