തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയ്ക്ക് ഡീസല്‍ വാങ്ങാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. നാല് ദിവസത്തിനുള്ളില്‍ തുക കൈമാറും. ധനവകുപ്പ് നല്‍കുമെന്ന് പറഞ്ഞ 20 കോടി രൂപ ലഭിക്കാതെ വന്നതോടെ കെ.എസ്.ആര്.ടി.സി.യില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതോടെ സര്‍വ്വീസുകള്‍ ക്രമാതീതമായി വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇന്നലെ മാത്രം 50 ശതമാനം ഓര്‍ഡിനറി സര്‍വ്വീസുകളാണ് നിര്‍ത്തലാക്കിയത്. ഇതോടെയാണ് അടിയന്തരമായി തുക അനുവദിക്കാന്‍ തീരുമാനമായത്.
ശമ്പളം നല്‍കാനും ബാങ്കുകളുടെ മുന്‍ വായ്പാ കുടിശ്ശിക അടയ്ക്കാനുമായി ധനവകുപ്പ് നല്കുന്ന 50 കോടിയില്‍ 30 കോടി മാത്രമേ ഇതുവരെ നല്കിയിരുന്നുള്ളൂ. അത് ബാങ്കുകളുടെ വായ്പാകുടിശ്ശിക അടയ്ക്കാന്‍ ഉപയോഗപ്പെടുത്തി. ബാക്കി 20 കോടി ആവശ്യപ്പെട്ടുള്ള ഫയല്‍ ധനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയിട്ട് മൂന്നാഴ്ചയായെങ്കിലും പണം ലഭിയ്ക്കാതെ വന്നതോടെയാണ് ബസ് സര്‍വ്വീസുകള്‍ മുടങ്ങിയത്. മാത്രമല്ല ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനും തീരുമാനം ആയിട്ടില്ല.
ഇപ്പോള്‍ ദിവസേന പണം നല്‍കിയാണ് കെ.എസ്.ആര്.ടി.സി ഡീസല്‍ വാങ്ങുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നല്‍കാനുള്ള മുന്‍ കുടിശ്ശികയായ 123 കോടി രൂപയും പലിശയും ചേര്‍ത്ത് 139 കോടി രൂപയാണ് കൊടുത്തുതീര്‍ക്കാനുള്ളത്. കുടിശ്ശികത്തുക കൊടുത്തുതീര്‍ക്കാതെ ഇന്ധനം നല്‍കാനാവില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സി പ്രതിസന്ധിയിലായത്. ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വ്വീസുകള്‍ മാത്രമേ കെ.എസ്.ആര്.ആര്.ടി.സി നിരത്തിലിറക്കിയിട്ടുള്ളൂ.