പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.
കറുത്ത മാസ്‌ക്കിനോട് പോലും അസഹിഷ്ണുത കാണിയ്ക്കുന്നത് ജനാധിപത്യരീതിയല്ല. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചത് ധാര്‍ഷ്ട്യത്തിലൂടെയാണെന്നും അതിന്റെ തിരിച്ചടി സര്‍ക്കാര്‍ നേരിട്ടെന്നും അഭിപ്രായം ഉയര്‍ന്നു. കെറെയില്‍ വിഷയം ശബരിമല സ്ത്രീപ്രവേശനവിഷയം പോലെ സങ്കീര്‍ണ്ണമാക്കി. സി.പി.ഐയ്ക്ക് പലയിടത്തും ഘടകകക്ഷിയാണെന്ന പരിഗണന പോലും ലഭിക്കുന്നില്ല. എ.ഐ.എസ്.എഫിനോട് എസ്.എഫ്.ഐയ്ക്ക് ഫാസിസ്റ്റ് നിലപാടാണെന്നും സംസ്ഥാന കമ്മിറ്റി അംഗം മുല്ലപ്പള്ളി തോമസ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
നേരത്തെ നടന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രിയ്ക്ക് എതിരെ സമ്മേളന പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമേനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഐഎം ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നും പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.