ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി.ക്ക് കേന്ദ്രസർക്കാർ 250 വൈദ്യുതി ബസുകൾ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ‘ഫെയിം ഇന്ത്യ ഫേസ് 2’ പദ്ധതി പ്രകാരമാണ് ബസുകൾ അനുവദിച്ചിട്ടുള്ളത്. ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
കാർബൺ കാരണമുള്ള വായുമലിനീകരണം കുറയ്ക്കാൻ ബദൽസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എഥനോളും ഗാസോലീനും യോജിപ്പിച്ച ഇന്ധനം, ഫ്ളെക്സ് ഇന്ധനം, ഡീസൽ വാഹനങ്ങൾക്കായി എഥനോൾ കലർത്തിയ ഇന്ധനം, ബയോഡീസൽ, ബയോ സി.എൻ.ജി, എൽ.എൻ.ജി. മെഥനോൾ എം-15, മെഥനോൾ എം.ഡി. 95, ഡൈമീതേയൽ ഈതർ, ഹൈഡ്രജൻ, സി.എൻ.ജി. തുടങ്ങിയ ഇന്ധനങ്ങൾ ബദൽസംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് -മന്ത്രി അറിയിച്ചു.
അതേസമയം കെഎസ്ആർടിസിയിൽ ഡീസൽവിതരണം മുടങ്ങിയതിനെ തുടർന്ന് സർവീസുകളിൽ മാറ്റം വരുത്തി. എണ്ണക്കമ്പനികൾക്ക് പണമടയ്ക്കുന്നത് നിർത്തിവെച്ചതോടെയാണ് ഡീസൽവിതരണം പ്രതിസന്ധിയിലായത്. നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായി ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലും വരുമാനമില്ലാതെ സർവ്വിസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കി വരും ദിവസങ്ങളിൽ പൊതു യാത്രാസൗകര്യം തുടർന്ന് നൽകാനാണ് തീരുമാനം.
ഡീസൽ ഉപയോഗം കിലോമീറ്റർ ഓപ്പറേഷൻ എന്നിവ കുറക്കേണ്ടതും ഡഡ് ഓപ്പറേഷൻ പൂർണ്ണമായും ഒഴിവാക്കേണ്ടതും അനിവാര്യമാണെന്നും സാഹചര്യം മനസിലാക്കി ശ്രദ്ധയോടെയും പൊതുജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ട് വരാതെയും സർവ്വിസ് ക്രമീകരിക്കേണ്ടതുണ്ടെന്നും മാനേജ്മന്റ് പറയുന്നു. ഇതിനായി നിർദ്ദേശങ്ങൾ പുറപ്പെടുവച്ചു.
വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവ്വീസുകൾ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീർഘദൂര സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോൾ ഏതാണ്ട് പൂർണ്ണമായും ഇവ ഓപ്പറേറ്റ് ചെയ്യുകയും വേണം. യാതൊരു കാരണവശാലും ഇത്തരം സൂപ്പർ ക്ലാസ് സർവ്വിസുകൾ പോലും കോൺവോയ് ആയും റിസർവേഷൻ ഇല്ലാതെയും കളക്ഷൻ കുറഞ്ഞതുമായ സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യാതെ ക്ലബ്ബ് ചെയ്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെയും വരുമാനം നഷ്ടപ്പെടാതെയും ക്രമീകരിക്കണം.
വെള്ളിയാഴ്ച്ച പ്രാധാന്യമേറിയതും കളക്ടീവ് ആയതുമായ ഓർഡിനറി സർവ്വീസുകൾ വരുമാനം ലഭിക്കുന്നതും ഒറ്റപ്പെട്ട റൂട്ടിൽ ഓടുന്നതുമായ സർവ്വിസുകൾ എന്നിവ അടക്കം പരമാവധി 50% വരെയും ശനിയാഴ്ച്ച ഇത്തരത്തിൽ 25% വരെയും ഞായറാഴ്ച്ച ഏതാണ്ട് പൂർണ്ണമായും ഓർഡറി സർവ്വിസുകൾ ഒഴിവാക്കിയും തിങ്കളാഴ്ച്ച ലഭ്യമായ ഡീസൽ ഉപയോഗിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയിൽ പരമാവധി ഓർഡിനറി സർവ്വിസുകൾ ട്രിപ്പുകൾ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണം.
താങ്കളാഴ്ചയോടെയോ ചൊവ്വാഴ്ച്ചയോടെയോ ഡീസൽ പ്രതിസന്ധി പരിഹരിക്കുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതിനാൽ ലഭ്യമായ ഡീസൽ ഉപയോഗിച്ച് പരമാവധി സർവ്വിസുകൾ പൊതു ജനങ്ങൾക്ക് ഗുണകരമായി തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള ഒരു പദ്ധതി എല്ലാ ജീവനക്കാരുമായി ചേർന്ന് തയ്യാറാക്കി വേണം ഓപ്പറേഷൻ ക്രമീകരിക്കുവാൻ എന്നാണ് നിർദ്ദേശം.