ബാർബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ട്വന്റി 20 യിൽ 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം എന്ന റെക്കോഡാണ് ഹാർദിക് സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ കൈൽ മായേഴ്സിനെ പുറത്താക്കിയതോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. ലോകത്തിൽ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന 11-ാമത്തെ മാത്രം താരമാണ് ഹാർദിക്.
വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ദീപ്തി ശർമ ഈ നേട്ടം മുൻപ് സ്വന്തമാക്കിയിട്ടുണ്ട്. 521 റൺസും 65 വിക്കറ്റുമാണ് ദീപ്തിയുടെ അക്കൗണ്ടിലുള്ളത്.
ട്വന്റി 20യിൽ 50 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ പുരുഷതാരം എന്ന റെക്കോഡും ഹാർദിക് സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിലൂടെ രവീന്ദ്ര ജഡേജയും ട്വന്റി 20 യിൽ 50 വിക്കറ്റ് തികച്ചിരുന്നു.