
തിരുവനന്തപുരം: കെഎസ്ആർടിസി യാത്രയ്ക്ക് ഓണക്കാലത്ത് തിരക്കേറുന്നത് അനുസരിച്ച് ചെലവേറും. അന്തർ സംസ്ഥാന സർവ്വീസുകളിൽ ഫ്‌ളക്സി നിരക്ക് ഈടാക്കാൻ നിർദ്ദേശം നൽകി ഉത്തരവിറക്കി. എ സി സർവ്വീസുകൾക്ക് നിലവിലെ നിരക്കിൽ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കും.
ഓണക്കാലത്തെ തിരക്ക് മുതലെടുത്ത്, ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വർദ്ധനവ് കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാനാണ് തീരുമാനം.
എസി ഓൺലൈൻ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും. എക്സ്‌പ്രസ്, ഡീലക്‌സ് ബസുകൾക്കും ഫ്‌ളക്‌സി ചാർജ് ഈടാക്കും. ഓണത്തോടനുബന്ധിച്ച് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകൾ കെഎസ്ആർടിസി പ്രഖ്യാപിച്ചു.