തിരുവനന്തപുരം: ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഏകീകരണം അടുത്തവർഷം പൂർണമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചട്ടമുണ്ടാക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി തുടങ്ങി. ഇതിനുമുന്നോടിയായി ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിൽ അഭിപ്രായമറിയിക്കാൻ സംഘടനകൾക്കും പൊതുജനങ്ങൾക്കും ഓഗസ്റ്റ് 15വരെ സമയം നൽകിയിട്ടുണ്ട്. നടപടികളെല്ലാം ഡിസംബറിനുള്ളിൽ പൂർത്തിയാക്കുകയും വേണം.
സ്‌കൂൾ ഏകീകരണം നടപ്പാക്കണമെന്ന ശക്തമായ നിലപാടിലാണ് ഇടതുപക്ഷാനുകൂല അദ്ധ്യാപക സംഘടനകൾ. എന്നാൽ, ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം പ്രസിദ്ധീകരിക്കാതെ ആദ്യഭാഗത്തെ ശുപാർശകൾ നടപ്പാക്കരുതെന്നാണ് പ്രതിപക്ഷസംഘടനകളുടെ ആവശ്യം. ദേശീയഘടനയ്ക്കനുസൃതമായി സംസ്ഥാനത്തെ സ്‌കൂളുകളെ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഏകീകരണമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇപ്പോൾ സ്‌കൂളിനും ഹയർസെക്കൻഡറിക്കും വെവ്വേറെയുള്ള ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളൊക്കെ പൊതുവായി ഉപയോഗിക്കാൻ ഏകീകരണം സഹായിക്കുമെന്ന് കെ.എസ്.ടി.എ. സംസ്ഥാനനേതാവ് ടി.കെ.എ. ഷാഫി പറഞ്ഞു.
ഹയർസെക്കൻഡറി അദ്ധ്യാപകരുടെ ശമ്പളം കുറയ്ക്കണമെന്നാണ് ഖാദർകമ്മിറ്റിയുടെ ശുപാർശ. അദ്ധ്യാപകരുടെ സീനിയോറിറ്റിയെയും ഏകീകരണം ബാധിക്കുമെന്നും പ്രതിപക്ഷസംഘടനകൾ ആശങ്കപ്പെടുന്നു.
ഒന്നുമുതൽ പത്തുവരെയുള്ള പഠനത്തിന്റെ നേർതുടർച്ചയല്ല ഹയർസെക്കൻഡറി വിദ്യാഭ്യാസം. അത് വിശേഷാൽപഠനത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഖാദർകമ്മിറ്റി മറന്നെന്ന് എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. സിലബസിന്റെ പ്രത്യേകതമൂലം വ്യത്യസ്ത സമയദൈർഘ്യമുള്ള പീരിയഡുകളിൽ ജോലിയെടുക്കേണ്ട അദ്ധ്യാപകരെ ഏകീകരിപ്പിക്കാനാണ് ശ്രമം.
ഘടനമാറ്റം ഇങ്ങനെ
*സ്‌കൂളിന് ഒറ്റമേധാവി
*ഹയർസെക്കൻഡറിയിൽനിന്നുള്ള അദ്ധ്യാപകൻ പ്രിൻസിപ്പൽ. ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ വൈസ് പ്രിൻസിപ്പൽ
*പഞ്ചായത്തുതലത്തിൽ എജ്യുക്കേഷൻ ഓഫീസർ മാറി ഇംപ്ലിമെന്റിങ് ഓഫീസർ വരും
*സ്‌കൂളുകൾക്കുമാത്രമായുള്ള എ.ഇ.ഒ. മാറി രണ്ടിനുംകൂടി ബ്ലോക്ക് തല ഉദ്യോഗസ്ഥനാവും
*സ്‌കൂളുകൾക്കുള്ള ഡി.ഇ.ഒ.യും ഹയർ സെക്കൻഡറിക്കുള്ള ആർ.ഡി.ഡി.യും മാറി രണ്ടും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡി.ഡി.) എന്ന ഒറ്റ ഉദ്യോഗസ്ഥനുകീഴിലാവും