
തിരുവനന്തപുരം:മൊബൈൽ ഗെയിം ജയിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ പാറശാലയിൽ യുവാവിന് വെട്ടേറ്റു. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിൻ (22) ആണ് വെട്ടേറ്റത്. യുവാവിനെ പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സജിൻ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മൊബൈൽ ഫോൺ ഗെയിമിൽ വിജയിച്ചത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അടയ്ക്കാക്കുഴി സ്വദേശിയായ പ്രായപൂർത്തിയാകാത്ത സുഹൃത്താണ് വെട്ടുകത്തിയുമായി വീട്ടിൽ എത്തി തോളിൽ വെട്ടി പരുക്കേൽപിച്ചത്.
മൊബൈൽ ഫോണിൽ ഇരുവരും നടത്തിയ ഗെയിം കളിയിൽ ശംഭു വിജയിച്ചതിൽ ഉണ്ടായ തർക്കം ആണ് ആക്രമണത്തിനു കാരണം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. പൊഴിയൂർ പൊലീസ് കേസെടുത്തു.