എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഓശാന ഞായർ മുതൽ നടപ്പാക്കാൻ തീരുമാനം; നിർദ്ദേശം നൽകി മാർ ആലഞ്ചേരിയും മാർ കരിയിലും

കൊച്ചി: സിനഡ് തീരുമാനനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണം എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏപ്രിൽ 10 ഓശാന ഞായർ മുതൽ നിലവിൽ വരും. ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മേജർ ആർച്ച്ബിഷപ്പിന്റെ വികാരി
മാർ ആന്റണി കരിയിലും സംയുക്തമായി സർക്കുലർ പുറപ്പെടുവിച്ചു. ഇതോടെ സഭയിലെ 35 രൂപതകളിലും ഏകീകൃത കുർബാന രീതി നടപ്പിലാകും.

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം സ്വീകരിച്ചും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നൽകിയ വ്യക്തമായ നിർദ്ദേശങ്ങൾ കണക്കിലെടുത്തും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പ്രത്യേകമായി ചേർന്ന സഭാ സിനഡ് സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ വെളിച്ചത്തിലാണ് അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ തീരുമാനിച്ചതെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ഓശാന ഞായറാഴ്ച അതിരൂപതാ കത്തീഡ്രൽ ബസലിക്കയിൽ മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.

വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി സഭയിൽ പൂർണമായി നടപ്പാക്കാൻ നിശ്ചയിച്ചിരിക്കപ്പെട്ടിരിക്കുന്നത് ഈ വർഷം ഏപ്രിൽ 17 ഈസ്റ്റർ ഞായറാഴ്ചയാണ്. അതിനകം അതിരൂപതയിൽ കുർബാനയർപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും സിനഡു തീരുമാന മനുസരിച്ചു കുർബാനയർപ്പിക്കേണ്ടതാണ്.

പ്രത്യേക സാഹചര്യങ്ങളാൽ ഈസ്റ്റർ ഞായറാഴ്ചയോടെ ഏകീകൃത കുർബാന നടപ്പിലാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ പൗരസ്ത്യകാനൻനിയമ സംഹിതയിലെ കാനൻ 1538 -1 പ്രകാരമുള്ള ഇളവ് ലഭിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ നൽകാനാണ് നിർദ്ദേശം. അതിരൂപതാദ്ധ്യക്ഷനായ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ ഇളവുനൽകേണ്ട ഓരോ സ്ഥലത്തും അവിടത്തെ സാഹചര്യങ്ങൾ ക്കനുസരിച്ച് ആവശ്യമായ ബോധനം നൽകുന്നതിനു കൃത്യമായ സമയപരിധി നിശ്ചയിച്ച് മേജർ ആർച്ചബിഷപ്പിന്റെ വികാരി ഇളവ് അനുവദിക്കും.

സർക്കുലറിൽ മാർ ആലഞ്ചേരിയും മാർ കരിയിലും ഒപ്പുവച്ചതോടെ മേജർ ആർച്ച് ബിഷപ്പിന്റെ വികാരി വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതിൽനിന്നു ഒഴിവു നൽകി നൽകിയ സർക്കുലറുകളും ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങളും നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സർക്കുലർ വ്യക്തമാക്കുന്നു. അതിരൂപതയിലെ വൈദികർക്കും സമർപ്പിതർക്കും വിശ്വാസികൾക്കുമായാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കുലർ ഓശാന ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കാനാണ് നിർദേശം. ഫ്രാൻസിസ് മാർപാപ്പ അതിരൂപതയ്ക്കായി മാർച്ച് 25-ന് നൽകിയ കത്ത് അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഉചിതമായ മറ്റൊരു ഞായറാഴ്ച വായിക്കേണ്ടതാണെന്നും സർക്കുലർ ഓർമ്മിപ്പിക്കുന്നു.

അതിരൂപതയിൽ നിലനിൽക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുതന്നെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി സിനഡിന്റെ തീരുമാനനുസരിച്ചു നടപ്പിലാക്കണമെന്നു പരിശുദ്ധ പിതാവും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിരൂപതയ്ക്കുവേണ്ടി മാർച്ച് 25-ന് ഫ്രാൻസിസ് മാർപാപ്പ പിതൃസഹജമായ സമീപനത്തോടെ നൽകിയ കത്തിനെ സർക്കുലർ പ്രത്യേകമായി പരാമർശിക്കുന്നു. സിനഡ് നിശ്ചയിച്ചപ്രകാരം, കുർബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസംവിനാ നടപ്പാക്കാൻ പിതൃസവിശേഷമായി ഉദ്ബോധിപ്പിച്ചുകൊണ്ടു ഞാൻ നിങ്ങൾക്കെഴുതുന്നു”, എന്നാണു പരിശുദ്ധ പിതാവ് സസ്നേഹം ആവശ്യപ്പെട്ടത്.

സഭാ പശ്ചാത്തലത്തിൽ വൈവിധ്യങ്ങളും വ്യത്യസ്ത പാരമ്പര്യങ്ങളും മുറുകെപ്പിടിച്ച എല്ലാവരും ത്യാഗപൂർവം അവരവരുടെ ആരാധനാരീതികളിൽനിന്ന് ഒരു ചുവടു പിന്നോട്ടു വച്ചുകൊണ്ടു കൂട്ടായ്മയുടെ അടയാളം പ്രകടമാക്കിയതുവഴി രൂപപ്പെട്ടതാണു സിനഡുതീരുമാനിച്ച ഏകീകൃത അർപ്പണ രീതിയെന്നും പരിശുദ്ധ പിതാവു തന്റെ കത്തിൽ ചൂണ്ടികാട്ടുന്നു. അതിനാൽ, സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്തുന്നത്, “കർത്താവിങ്കലേയ്ക്കു നോക്കി, അവിടത്തെ ഉത്ക്കണ്ഠയിലും പീഡാസഹനത്തിലും തുടങ്ങി അവിടത്തോടൊപ്പം പെസഹാരഹസ്യം ഒരുമിച്ചനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം. അല്ലാതെ വിജയത്തിന്റെയോ പരാജയത്തിന്റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരേ മറ്റൊന്ന് എന്ന മാനുഷികമാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്” എന്നും ഫ്രാൻസിസ് മാർപാപ്പ ഓർമപ്പെടുത്തുന്നുവെന്ന് സർക്കുലർ പറയുന്നു.

അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനു വിശ്വാസപ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ എല്ലാവരോടും മാർ ആലഞ്ചേരിയും മാർ കരിയിലും സ്നേഹപൂർവം അഭ്യർഥിക്കുന്നു. സീറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനുള്ള സിനഡിന്റെ തീരുമാനം 2021 നവംബർ 28-ന് നിലവിൽ വന്നതാണ്. 35 ൽ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും സഭയുടെ ഔദ്യോഗികമായ കുർബാന രീതി നടപ്പായിക്കഴിഞ്ഞു.