കൊച്ചി: ‘നമുക്കൊരു യാത്ര പോയാലോ?’ അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലെ മിക്ക വീടുകളിലും കേള്‍ക്കുന്ന ചോദ്യമാണിത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാന്‍ എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തയ്യാറായിക്കഴിഞ്ഞു. വിഷു – ഈസ്റ്റര്‍ അവധിയും പിന്നാലെയെത്തുന്ന റംസാന്‍ അവധിയും ലക്ഷ്യമിടുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും വിശ്രമവേളകള്‍ ആസ്വാദ്യകരമാക്കാനും സഹായിക്കുന്ന സ്ഥലങ്ങള്‍ക്കാണ് ഡി.ടി.പി.സി മുന്‍ഗണന നല്‍കുന്നത്.
നഗരഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് കുട്ടികളുമായി സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് നഗരത്തിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക്. കുട്ടികള്‍ക്കായുള്ള നിരവധി റൈഡുകള്‍ക്ക് പുറമെ പെഡല്‍ ബോട്ടിംഗ് സംവിധാനവും ചില്‍ഡ്രന്‍സ് പാര്‍ക്കിലുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെയാണ് പെഡല്‍ ബോട്ടിംഗ് സൗകര്യമുള്ളത്.
നഗരക്കാഴ്ചകള്‍ വിട്ട് എറണാകുളം ജില്ലയിലെ ഗ്രാമഭംഗി കാണാനാഗ്രഹിക്കുന്നവര്‍ക്കായി നിരവധി പാക്കേജുകള്‍ ഡി.ടി.പി.സി ഒരുക്കുന്നുണ്ട്. മുനമ്പത്തെ വാട്ടര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളും കുമ്പളങ്ങിയില്‍ നടത്തുന്ന വിവിധ പാക്കേജുകളും ഭൂതത്താന്‍കെട്ടിലും ഏഴാറ്റുമുഖത്തുമുള്ള പാക്കേജുകളും ഏത് പ്രായക്കാര്‍ക്കും ആസ്വാദ്യമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
നിലവില്‍ കുമ്പളങ്ങി കേന്ദ്രീകരിച്ച് മൂന്ന് പാക്കേജുകള്‍ ആണ് ഡി.ടി.പി.സി ഒരുക്കുന്നത്. ‘വില്ലേജ് വിസിറ്റ്’ പാക്കേജില്‍ കുമ്പളങ്ങിയുടെ ഗ്രാമ ഭംഗിയും കായല്‍ സൗന്ദര്യവും ഭക്ഷണവും ബോട്ടിംഗുമെല്ലാം ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരാള്‍ക്ക് 2,000 രൂപയും രണ്ട് മുതല്‍ നാല് പേര്‍ വരെയുള്ള സംഘത്തിന് ഒരാള്‍ക്ക് ആയിരം രൂപ വീതവും അഞ്ച് മുതല്‍ ഒന്‍പത് പേര്‍ വരെയുള്ള സംഘത്തിന് ഒരാള്‍ക്ക് 800 രൂപ വീതവും പത്ത് പേര്‍ക്ക് മുകളിലുള്ള സംഘത്തിന് ഒരാള്‍ക്ക് 750 രൂപ വീതവുമാണ് ഈടാക്കുന്നത്.
ബോട്ടിംഗും ഫാം വിസിറ്റും മാത്രമുള്‍പ്പെടുത്തിയിട്ടുള്ള പാക്കേജിന് ഒരാള്‍ക്ക് 900 രൂപയാണ് നിരക്ക്. കൊച്ചി കായലിലെ സന്ധ്യാ കാഴ്ചകള്‍ സമ്മാനിക്കുന്ന സണ്‍സെറ്റ് ക്രൂയ്സ് ആണ് മറ്റൊരു ആകര്‍ഷണം. ഒരാള്‍ക്ക് 1,750 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്.
വിവിധ വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ പരിശീലിക്കാനും ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് മുനമ്പം പാക്കേജ് ഒരുക്കിയിരിക്കുന്നത്. ബൂഗി ബോര്‍ഡ്, കയാക്കിങ്, ക്വാഡ് ബൈക്ക്, ബനാന റൈഡ്, സ്പീഡ് ബോട്ടുകള്‍, കാറ്റാമറന്‍ ബോട്ടുകള്‍, ലേ ലോ റൈഡ്, ബമ്പര്‍ റൈഡ്, ജെറ്റ് സ്‌കി, സ്‌ക്യൂബ ഡൈവിങ്, വിന്‍ഡ് സര്‍ഫിങ് എന്നിവ ഉല്ലാസത്തിനും പരിശീലനത്തിനുമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
മലയോര മേഖലയുടെ ഭംഗി കാണാനാഗ്രഹിക്കുന്നവര്‍ക്ക് അത്തരത്തിലുള്ള സൗകര്യങ്ങളും ഡി.ടി.പി.സി ഒരുക്കിയിട്ടുണ്ട്. ഏഴാറ്റുമുഖത്തെ വശ്യമനോഹാരിതയും പാര്‍ക്കും ഉല്ലാസ സൗകര്യങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. ഭൂതത്താന്‍കെട്ടില്‍ ഡാം കാഴ്ചകള്‍ക്ക് പുറമെ പാര്‍ക്ക്, ബോട്ടിംഗ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ കുടുംബവുമൊത്ത് ചെലവഴിക്കാന്‍ അനുയോജ്യമായ ഇടമാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറ. അല്പം സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് കൂരുമല വ്യൂ പോയിന്റില്‍ എത്തി കാഴ്ചകള്‍ ആസ്വദിക്കാനാകും.
ഡി.ടി.പി.സിക്ക് പുറമെ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നടത്തുന്ന സാഗര്‍ റാണി, നേഫേര്‍ട്ടിറ്റി ക്രൂയ്സ് ബോട്ടുകള്‍ വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. പുരാവസ്തുവകുപ്പിന് കീഴില്‍ വരുന്ന വിവിധ സ്മാരകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനന്ദത്തോടൊപ്പം അറിവും സമ്മാനിക്കുന്നവയാണ്.