
ലക്‌നൗ: ട്രെയിന്‍ പാളത്തില്‍ വിള്ളല്‍ ഉണ്ടായത് കണ്ടെത്തിയ വൃദ്ധ സ്വന്തം സാരിയഴിച്ച് ലോക്കോപൈലറ്റിന് അപായ സൂചന നല്‍കി. ഓംവതി എന്ന എഴുപതുകാരിയാണ് തന്റെ ചുവന്ന സാരി അഴിച്ച് പാളത്തിന് കുറുകെ കെട്ടി ലോക്കോപൈലറ്റിന് അപായ സൂചന നല്‍കിയത്.
ഇറ്റ ജില്ലയിലെ കുസ്ബ റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം. അവഗാര്‍ ബ്ലോക്കിലെ ഗുലേരിയ ഗ്രാമത്തില്‍ താമസിക്കുന്ന ഓംവതി പതിവ് ജോലിക്കായി വയലിലേക്ക് പോകുന്നതിനിടെയാണ് ട്രാക്കില്‍ വിള്ളലുള്ളതായി കണ്ടെത്തിയത്. ട്രെയിന്‍ ഇതുവഴി ഉടന്‍ കടന്നു പോകുമെന്ന് മനസിലാക്കിയ വൃദ്ധ താന്‍ ഉടുത്തിരുന്ന ചുവന്ന സാരി അഴിച്ച് ട്രാക്കിന് ഇരുവശത്തും കെട്ടുകയായിരുന്നു. സമീപത്തെ മരത്തിന്റെ കമ്പുകള്‍ മുറിച്ച് ട്രാക്കിന്റെ ഇരുവശത്തും കുത്തി നിര്‍ത്തിയാണ് സാരി കെട്ടിയത്.
ഇറ്റയില്‍ നിന്ന് തുണ്ട്ലയിലേക്ക് പോകുന്ന ഒരു പാസഞ്ചര്‍ ട്രെയിനായിരുന്നു അതുവഴി കടന്നു പോകേണ്ടിയിരുന്നത്. ട്രാക്കില്‍ ചുവന്ന സാരി കണ്ടതോടെ അപകടം മനസിലാക്കിയ ലോക്കോപൈലറ്റ് ബ്രേക്ക് ചവിട്ടി. ഇതോടെ വന്‍ ദുരന്തം ഒഴിവായി. അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായ ഓംവതിയെ ലോക്കോപൈലറ്റ് അഭിനന്ദിച്ചു.