
കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും കാവ്യ മാധവന്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യും. മൂന്നു പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് കൈമാറിയേക്കും.
തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്. കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 14 വരെയാണ് കോടതി അനുവദിച്ച സമയം. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷിയായ ജിന്‍സന്റെ ശബ്ദസാമ്പിള്‍ ശനിയാഴ്ച കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ച് ശേഖരിച്ചു. നേരത്തെ പള്‍സള്‍ സുനിയും ജിന്‍സനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാണ് ശബ്ദ പരിശോധന നടത്തുന്നത്.
വധഗൂഢാലോചന കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ദിലീപിന്റെ പത്മസരോവരം വീട്ടില്‍ നടന്ന വധഗൂഢാലോചനയില്‍ പങ്കെടുത്ത ആറാം പ്രതിയായ ശരത്തിനെ വിഐപി എന്നാണ് സാക്ഷിയായ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചത്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് തന്നെയാണ് വിഐപി എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.