ന്യൂ ഡെല്‍ഹി: ഇന്ധന-പാചകവാതക വില വര്‍ധനവില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. വില വര്‍ധന വിഷയം സഭാ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ നിരസിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്‌കരിച്ചു.
ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സര്‍ക്കാര്‍ സമ്പാദിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ പറഞ്ഞു.
പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴത്തെ വര്‍ധന.
തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 31 പൈസയും ഡീസലിന് 94 രൂപ 41 പൈസയുമാണ്. തിരുവനന്തപുരം: കൊച്ചിയില്‍ പെട്രോളിന് 105 രൂപ 18 പൈസ. ഡീസലിന് 92രൂപ 40 പൈസ. 2021 നവംബര്‍ 2ന് ആയിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്.
ക്രൂഡ് ഓയില്‍ വിലയില്‍ 7 ശതമാനം വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. ക്രൂഡ് ഓയില്‍ വില ഒരുഘട്ടത്തില്‍ ഒരു ബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.