മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ഇംഫാല്‍: മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി ബിരേന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷവുമാണ് സത്യപ്രതിജ്ഞ നടന്നത്.

‘എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണിത്. മണിപ്പൂരിന് വളരെ നല്ലതും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ഒരു സര്‍ക്കാര്‍ ഉണ്ടാകും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മണിപ്പൂരിലെ സ്ഥിരതയും മികച്ച ഭരണവും ഒരുമിച്ച് നല്‍കുന്നതിന് ഈ തീരുമാനം ഏറെ സഹായകമാകും,’ എന്ന് നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മണിപ്പൂരിലെ 60 സീറ്റുകളില്‍ മത്സരിച്ച ബിജെപി ഇത്തവണ 32 സീറ്റുകള്‍ നേടിയാണ് ഭരണം പിടിച്ചത്. മണിപ്പൂരില്‍ ഉറച്ച വേരുകളുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.