ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ സ്പീക്കറായി കുല്‍താര്‍ സിംഗ് സാന്ധ്വാനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കോട്കപുര ആം ആദ്മി പാര്‍ട്ടി എംഎല്‍എ ആണ് കുല്‍താര്‍ സിംഗ് സാന്ധ്വാന്‍. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സാന്ധ്വാന്റെ പേര് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.
മാനും ക്യാബിനറ്റ് മന്ത്രി ഹര്‍പാല്‍ സിംഗ് ചീമയും ചേര്‍ന്ന് സാന്ധ്വാനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു. ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ സ്പീക്കര്‍ സ്ഥാനത്തെത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയായിരുന്ന ഗിയാനി സെയില്‍ സിംഗിന്റെ ചെറുമകനാണ് സാന്ധ്വാന്‍. കുല്‍താറിന്റെ മുത്തച്ഛന്‍ ജാംഗീര്‍ സിംഗും ഗിയാനി സെയില്‍ സിംഗും സഹോദരങ്ങളായിരുന്നു. ‘നിങ്ങള്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കും, എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കുന്ന ഈ സഭയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് മാതൃകയാക്കും,’ എന്ന് സാന്ധ്വാന്‍ പറഞ്ഞു.