ഇംഫാല്‍: മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി ബിരേന്‍ സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സത്യപ്രതിജ്ഞ. രണ്ടാം തവണയാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷവുമാണ് സത്യപ്രതിജ്ഞ. കിരണ്‍ റിജിജു, ഭൂപേന്ദ്ര യാദവ് എന്നിവരും പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സുപ്രധാന പാര്‍ട്ടി യോഗത്തിനായി സംസ്ഥാനത്തെത്തി.
‘എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണിത്. മണിപ്പൂരിന് വളരെ നല്ലതും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ഒരു സര്‍ക്കാര്‍ ഉണ്ടാകും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മണിപ്പൂരിലെ സ്ഥിരതയും മികച്ച ഭരണവും ഒരുമിച്ച് നല്‍കുന്നതിന് ഈ തീരുമാനം ഏറെ സഹായകമാകും,’ എന്ന് നിര്‍മല സീതാരാമന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച ബിരേന്‍ സിംഗ് രണ്ട് തവണ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കണ്ടിരുന്നു. ശനിയാഴ്ച രാത്രി അമിത് ഷായുടെ വസതിയില്‍ നടന്ന യോഗം രാത്രി വൈകിയും നീണ്ടു. മണിപ്പൂരിലെ 60 സീറ്റുകളില്‍ മത്സരിച്ച ബിജെപി ഇത്തവണ 32 സീറ്റുകളാണ് നേടിയത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.