കൊച്ചി: സംസ്ഥാനത്ത് കെ റെയില്‍ കല്ലിടലിനെതിരെ ജനകീയ സമരം ശക്തമാകുമ്പോള്‍ കോണ്‍ഗ്രസിനെതിരെ പരാതി നല്‍കി സര്‍വെ കല്ല് പുനഃസ്ഥാപിച്ച് ഭൂവുടമ. തിരുവാണിയൂര്‍ പഞ്ചായത്തിലെ മാമലയിലാണ് കോണ്‍ഗ്രസുകാര്‍ സര്‍വെ കല്ല് പിഴുതു മാറ്റിയത്.
എന്നാല്‍ തന്റെ ഭൂമിയില്‍ കോണ്‍ഗ്രസുകാര്‍ അതിക്രമിച്ച് കയറിയെന്ന് കാണിച്ച് മുല്ലക്കല്‍ സരള രവീന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചോറ്റാനിക്കര പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കെ റെയില്‍ അധികൃതരെത്തി സര്‍വെ കല്ല് പുനഃസ്ഥാപിച്ചു.
കെ റെയില്‍ കല്ലിടുന്നതിനെതിരെ പ്രദേശത്ത് കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ചോറ്റാനിക്കരയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് ഇന്നലെ കല്ലുകള്‍ പിഴുത് മാറ്റിയത്. സ്ഥാപിച്ച കല്ലെടുത്ത് കനാലിലെറിഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂരിലും നാട്ടുകാര്‍ സര്‍വെ കല്ലുകള്‍ പിഴുതുമാറ്റി. അതേസമയം കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.