റഷ്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് എണ്ണവാങ്ങാന്‍ കരാര്‍ ഉറപ്പിച്ച് ഐ ഒ സി

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് എണ്ണവാങ്ങാന്‍ കരാര്‍ ഉറപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. മൂന്ന് മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ വാങ്ങുന്നതിന് റഷ്യന്‍ കമ്പനിയുമായി ഐ ഒ സി കരാറില്‍ ഒപ്പിട്ടു. ഇന്ത്യയിലെയും അന്താരാഷ്ട്ര മാര്‍ക്കറ്റിലെയും വിലനിലവാരമനുസരിച്ച് എണ്ണ വാങ്ങാനുള്ള കരാറിലാണ് ഐ.ഒ.സി ഒപ്പിട്ടത്.

ഐ ഒ സിക്ക് പുറമേ മറ്റ് ചില കമ്പനികളും റഷ്യയില്‍ നിന്ന് എണ്ണവാങ്ങാനുള്ള ശ്രമം ആരംഭിച്ചതായാണ് വിവരം. വൈകാതെ ഇവരും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കും. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്തതാണ്.

അതേസമയം റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ എണ്ണകമ്പനികള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് തടസമില്ല. യുദ്ധത്തെ തുടര്‍ന്ന് ക്രൂഡോയില്‍ വില ബാരലിന് 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.