Home State അഞ്ചേരി ബേബി വധക്കേസ്; എം എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി, ഇതിനെതിരെ നിയമനടപടിക്കെന്ന് ബേബിയുടെ സഹോദരന്‍

അഞ്ചേരി ബേബി വധക്കേസ്; എം എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി, ഇതിനെതിരെ നിയമനടപടിക്കെന്ന് ബേബിയുടെ സഹോദരന്‍

0
അഞ്ചേരി ബേബി വധക്കേസ്; എം എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി, ഇതിനെതിരെ നിയമനടപടിക്കെന്ന് ബേബിയുടെ സഹോദരന്‍

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ എം എം മണി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. എംഎം മണിയും മറ്റു രണ്ടു പ്രതികളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് വിധി. എംഎം മണിയെ കൂടാതെ ഒ.ജി. മദനനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

എം എം മണി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി നീതി നിഷേധമെന്ന് അഞ്ചേരി ബേബിയുടെ സഹോദരന്‍ അഞ്ചേരി ജോര്‍ജ്ജ് പ്രതികരിച്ചു. കേസ് ഏറ്റെടുക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇനി അവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ വിടുതല്‍ ഹര്‍ജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. 2012 മെയില്‍ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണി പ്രതിയായത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982ലെ കൊലപാതക കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

2012 നവംബറില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയെ ഇടുക്കിയിലെ വീട്ടില്‍ നിന്നും ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എം.എം മണിയും മണിക്കൊപ്പം അറസ്റ്റിലായ കൂട്ടുപ്രതികളും 46 ദിവസമാണ് ജയിലില്‍ കിടന്നത്. ജയിലില്‍ നിന്ന് പുറത്തു വന്ന ശേഷമാണ് മണി വിടുതല്‍ ഹര്‍ജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here