ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയം മെയ് ആറിന് പൂര്‍ത്തിയാകും. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് മണ്ഡല പുനര്‍നിര്‍ണയത്തിന് സമിതിയെ ചുമതലപ്പെടുത്തിയത്. ഈ സമിതിയാണ് മെയ് ആറിന് മണ്ഡല പുനര്‍നിര്‍ണയത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത്. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട കരടിന്മേല്‍ മാര്‍ച്ച് 21 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം.
മണ്ഡല പുനര്‍നിര്‍ണയത്തോടെ ജമ്മുവില്‍ ആറ് മണ്ഡലങ്ങളും കാശ്മീരില്‍ ഒരു മണ്ഡലവും പുതിയതായി നിലവില്‍ വരും. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകാനിരിക്കെ ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുത്ത് രാഷ്ട്രീയപാര്‍ട്ടികള്‍. മെയ് ആറിന് മണ്ഡലം പുനര്‍നിര്‍ണയം പൂര്‍ത്തിയായ ശേഷം സുരക്ഷ വിലയിരുത്തിയാകും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.