
കീവ്: പിടിയിലായ ഒമ്പത് റഷ്യന്‍ സൈനികരെ വിട്ടയച്ച് യുക്രൈന്‍. ഇതോടെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയ മെലിറ്റോപോളിന്റെ മേയറെ മോചിപ്പിച്ചു. മേയര്‍ ഇവാന്‍ ഫെഡ്രോവിനെയാണ് റഷ്യന്‍ സൈന്യം മോചിപ്പിച്ചത്. മരിയുപോളിനും ഖേര്‍സണും ഇടയിലുള്ള നഗരമാണ് മെലിറ്റോപോള്‍. ഈ നഗരം പിടിച്ചെടുത്തക്കുന്നതിനിടെയാണ് റഷ്യന്‍ സേന വെള്ളിയാഴ്ച മേയറെ തട്ടിക്കൊണ്ട് പോയത്.
മേയറുടെ മോചനത്തിനായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. മോചിതനായശേഷം ഇവാന്‍ ഫെഡ്രോവുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചു. സെലന്‍സ്‌കിയോട് മേയര്‍ നന്ദി അറിയിച്ചു. സുഖം പ്രാപിച്ച് തിരിച്ച് വന്നാല്‍ യുക്രൈന്റെ വിജയത്തിന് വേണ്ടി നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഇവാന്‍ ഫെഡ്രോവ് സെലന്‍സ്‌കിയോട് പറഞ്ഞു.
കൈമാറ്റം ചെയ്യപ്പെട്ട റഷ്യന്‍ സൈനികര്‍ 2002നും 2003നും ഇടയില്‍ ജനിച്ചവരാണെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. അവര്‍ കുട്ടികളായത് കൊണ്ടാണ് വിട്ടയക്കുന്നതെന്ന് യുക്രൈന്‍ വിശദീകരിച്ചു.