ദിലീപ് അറിയാതെ ഫോണ്‍ വിവരങ്ങള്‍ കൈക്കലാക്കി സൈബര്‍ വിദഗ്ധന്‍: സായി ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

കൊച്ചി: ദിലീപിന്റെ ഫോണ്‍രേഖകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. സായ് ശങ്കറിന്റെ കൊച്ചിയിലെ വീട്ടിലാണ് സൈബര്‍ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പരിശോധന. ദിലീപ് അറിയാതെയാണ് ഇയാള്‍ ഫോണിലെ വിവരങ്ങള്‍ കൈക്കലാക്കിയത്.

ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കൂടാതെ തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ളക്കെതിരെ ബാര്‍ കൗണ്‍സിലില്‍ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിട്ടുണ്ട്. സാക്ഷിയെ സ്വാധീനിക്കുന്നതുള്‍പ്പെടെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കി. അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. അഭിഭാഷകന്റെ ഓഫീസില്‍ വച്ച് ഫോണിലെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കാന്‍ ബി രാമന്‍ പിള്ള പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ അഭിഭാഷകര്‍ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു.