തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രവര്‍ത്തകര്‍ പാളയത്ത് ഡിവൈഎഫ്‌ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ബാരിക്കേഡില്‍ കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു.
എംഎല്‍എമാരായ ഷാഫി പറമ്പില്‍, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.