ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാം, അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ല: സുപ്രീംകോടതി

ന്യൂ ഡെല്‍ഹി: കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. ഹിജാബ് ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല ഹിജാബ് എന്നായിരുന്നു ഇന്നലെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടമാണെന്ന് വ്യക്തമാക്കിയ ഹൈകോടതി യൂണിഫോം നിര്‍ബന്ധമാക്കല്‍ മൗലികാവകാശ ലംഘനമല്ലെന്ന് പറഞ്ഞു. വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ ബംഗളൂരു, കലബുര്‍ഗി, ഹാസന്‍, ദാവന്‍കരെ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്നും അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും ഹര്‍ജിക്കാരായ ഉഡുപ്പി പിയു കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.