ബംഗളൂരു: കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല ഹിജാബ് എന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടമാണെന്ന് വ്യക്തമാക്കിയ കോടതി യൂണിഫോം നിര്‍ബന്ധമാക്കല്‍ മൗലികാവകാശ ലംഘനമല്ലെന്ന് പറഞ്ഞു. വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്.
ഹിജാബ് മതാചാരത്തിന്റെയോ മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് വ്യക്തമാക്കിയ സര്‍ക്കാര്‍ ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു. ഹിജാബിന്റെ കാര്യത്തില്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദം ബാധകമല്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. പതിനൊന്ന് ദിവസമാണ് കേസില്‍ വാദം നടന്നത്.
അതേസമയം ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ബംഗളൂരു, കലബുര്‍ഗി, ഹാസന്‍, ദാവന്‍കരെ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.