
ന്യൂഡെൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യം ഉറപ്പിച്ചപ്പോൾ വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടത്. യുപിയില്‍ വന്‍ പ്രചാരണം നടത്തിയിട്ടും പച്ചതൊടാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് പാർട്ടിയിൽ അന്തഛിന്ദ്രങ്ങൾക്ക് വഴിതെളിക്കും. ഭരണം ഉണ്ടായിരുന്ന പഞ്ചാബിലും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ശേഷിച്ച പ്രതീക്ഷകളും ദിവാസ്വപ്നമായി.
കനത്ത പരാജയത്തിൻ്റെ ഷോക്കിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പ്രതികരണം നടത്തിയിട്ടില്ല. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പ് വന്ന ട്വീറ്റാണ് കൌതുകം ഉയര്‍ത്തുന്നത്. രാഹുലിന്‍റെ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാഹുലിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗമാണ് ട്വീറ്റില്‍ ഉള്ളത്, ട്വീറ്റില്‍ പറയുന്നു. “ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’ – രാഹുലിന്‍റെ ഈ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.