
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. എന്നാൽ തലച്ചോറിനേറ്റ ക്ഷതം കാരണം സംസാരശേഷി ഇനിയും തിരിച്ച് കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു ആരാണ് ഉത്തരവാദിയെന്ന് കൃത്യമായൊരു മറുപടി ഇത് വരെയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ പറഞ്ഞ കാരണം പ്രസക്തമാകുന്നത്.എറണാകുളം തൃക്കാക്കരയിലെ രണ്ടരവയസ്സുകാരിയുടെ ഗുരുതര പരിക്കിന് മെഡിക്കൽ സംഘം പറഞ്ഞ കാരണമാണ് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം.
കുഞ്ഞ് സ്വയം വരുത്തിയ പരിക്കെന്ന വാദം പൂർണ്ണമായും തള്ളിയാണ് ഡോക്ടർമാർ ഇങ്ങനെ ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. കേസിൽ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ നമ്മുടെ നാട്ടിൽ അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ് ഈ ശാരീരികാവസ്ഥ. പല വിധ സമ്മർദ്ദത്തിന് അടിമയാണ് രക്ഷിതാവെങ്കിൽ കുഞ്ഞിന്റെ കൊഞ്ചലുകളോ, കുസൃതിയോ, പിടിവാശികളോ വരെ അവരെ പെട്ടെന്ന് ക്ഷുഭിതരാക്കും. അങ്ങനെ കൈവിട്ട അവസ്ഥയിൽ കുട്ടിയെ ബലമായി പിടിച്ച് കുലുക്കിയാൽ പിഞ്ചുശരീരത്തിൽ അതുണ്ടാക്കുന്ന ആഘാതമാണ് BATTERED OR SHAKEN BABY SYNDROME.
അധികനേരം ഒന്നും വേണ്ട കുറഞ്ഞത് അഞ്ച് സെക്കന്റ് സമയം മതി. കുട്ടികളുടെ കഴുത്തിലെ പേശികൾക്ക് വലിയ ബലമില്ല. കുട്ടിയെ കുലുക്കിയാൽ തലയോട്ടിക്കുള്ളിൽ തലച്ചോർ അങ്ങോട്ടുമിങ്ങോട്ടും ഇളകും. തുടർച്ചയായ സമ്മർദ്ദത്തിൽ തലച്ചോറിന് ആവശ്യത്തിന് ഓക്സിജനും കിട്ടില്ല. അങ്ങനെ കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങൾ നശിക്കും. നട്ടെല്ലിനും രക്തസ്രാവമുണ്ടാകും.വാരിയെല്ലിന് വരെ ഗുരുതര പരിക്കേൽക്കും. കണ്ണിന്റെ ചുറ്റിലും രക്തസ്രാവമുണ്ടാകും. രണ്ട് വയസ്സ് വരെ ഉള്ള കുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായും കണ്ട് വരുന്നത്.
എങ്കിലും അഞ്ച് വയസ്സ് വരെ ഇതിനുള്ള സാധ്യത ഉണ്ട്. ഈ പ്രശ്നത്തിലൂടെ കടന്ന് പോകുന്ന കുട്ടികളിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ ഇതൊക്കെയാണ്. അസ്വസ്ഥമായ പെരുമാറ്റം, ചിലരിൽ ഉണർന്നിരിക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, നീല നിറത്തിലായ തൊലി,അപസ്മാര ലക്ഷണങ്ങൾ അങ്ങനെ. മിക്ക കേസുകളിലും പുറത്തേക്ക് പ്രകടമായ പരിക്കുകൾ കുറവായിരിക്കും. മാത്രമല്ല ഒരൊറ്റ ദിവസത്തെ മർദ്ദനമാകില്ല കുട്ടിയെ കടുത്ത രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നതും. ആദ്യം ചെറിയ രീതിയിലുള്ള മർദ്ദനങ്ങൾ, പക്ഷേ അതിന്റെ മുറിവ് ഉണങ്ങും മുൻപെ അടുത്തത് എത്തും.
അങ്ങനെ അങ്ങനെ കുഞ്ഞിന്റെ ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കും. തലച്ചോറിനേറ്റ പരിക്കിന്റെ ആഘാതം അനുസരിച്ച് പഠന വൈകല്യങ്ങൾ സ്വഭാവ വൈകല്യങ്ങൾ കേൾവിയിലും സംസാരത്തിലുമുള്ള പ്രശ്നങ്ങൾ തുടങ്ങി തിരിച്ച് വരവിന് സാധ്യമല്ലാത്ത രീതിയിൽ പലതരത്തിലുള്ള ശാരീരിക മാനസിക വൈകല്യങ്ങൾ സംഭവിക്കാം.
വൈകല്യങ്ങൾ ചിലപ്പോൾ മരണത്തിന് വരെ കാരണമാകാം. വിദേശരാജ്യങ്ങളിൽ നിരവധി കേസുകളാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നതും. കുട്ടിയുടെ സംരക്ഷണ അവകാശമുള്ളവർ തന്നെയാണ് പ്രതികളാകുന്നത്.