
കൊച്ചി : സംസ്‌ഥാനത്തു ബ്രോയിലര്‍ കോഴി വില കുതിച്ചുയരുന്നു. ഇന്നലെ ചില്ലറ വില്‍പന വില 150 രൂപയ്‌ക്കു മുകളിലെത്തി. വരുംദിവസങ്ങളിലും വിലകൂടുമെന്നും ഈ സീസണില്‍ വില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നും കച്ചവടക്കാര്‍ പറയുന്നു.കൊറോണ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതോടെയാണു കോഴിവില ഉയര്‍ന്നത്. വിവാഹം മുതലായ ആഘോഷങ്ങള്‍ കൂടിയതും കോഴിക്ക് ആവശ്യംകൂടി.
കോഴിത്തീറ്റയുടെ വില ഉയര്‍ന്നതോടെ കര്‍ഷകര്‍ വളര്‍ത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചു.കോഴിക്കുഞ്ഞുങ്ങളുടെ വില കൂടിയാല്‍ ഇനിയും കോഴിവില ഉയരുമെന്നു കച്ചവടക്കാര്‍ പറയുന്നു. ഈസ്‌റ്റര്‍, വിഷു, റമദാന്‍ നാളുകളാണു വരാന്‍ പോകുന്നത്. ഈ കാലതത്തു ഡിമാന്‍ഡ് ഉയരുന്നതും വില ഉയര്‍ന്നു നില്‍ക്കാന്‍ ഇടയാക്കും. ഇന്ധന വില ഉയരുന്നതോടെ, തീറ്റ വിലയിലും വര്‍ധന പ്രതീക്ഷിക്കാം. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഇതര സംസ്‌ഥാന ലോബികള്‍ ബ്രോയിലര്‍ കോഴികള്‍ക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കിയാല്‍ കോഴി വില അനുദിനം കുതിച്ചുയരും. ഉല്‍പാദനം കുറച്ച് വില ഉയര്‍ത്തി നിലനിര്‍ത്താനാണു കര്‍ഷകരും ഉദ്ദേശിക്കുന്നത്.
രണ്ടാഴ്‌ചയ്‌ക്കിടെയാണു കിലോയ്‌ക്ക് നാല്‍പതു രൂപയോളം വര്‍ധിച്ചത്. ഉല്‍സവ സീസണില്‍ കോഴിക്ക് ആവശ്യക്കാരേറുമെന്നതിനാല്‍ കൃത്രിമക്ഷാമം സൃഷ്‌ടിച്ചു പരമാവധി ലാഭമുണ്ടാക്കാനും തമിഴ്‌നാട് ലോബി ശ്രമിക്കുന്നുണ്ട്. ജില്ലയിലേക്ക് ആവശ്യമായ കോഴികളില്‍ 70 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണു കൊണ്ടുവരുന്നത്.