
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ ഫോൺ നമ്പർ ഏറെ നാളായി ഉപയോഗിക്കുന്നില്ലേ? എങ്കിൽ നിങ്ങളുടെ അക്കൗണ്ടിലെ പണം മറ്റാരെങ്കിലും തട്ടിയെടുക്കാനുള്ള സാധ്യതയുണ്ട് എന്നറിയുക. കൊല്ലത്തെ വീട്ടമ്മയ്ക്ക് ഇത്തരത്തിൽ എട്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാലു വർഷമായി ഉപയോഗമില്ലാതിരുന്ന നമ്പർ മൊബൈൽ കമ്പനി മറ്റൊരാൾക്ക് അനുവദിച്ചു. എന്നാൽ അതു കിട്ടിയത് ഓൺലൈൻ തട്ടിപ്പു വീരന്റെ കൈയിലായിരുന്നു. അക്കൗണ്ടുമായി ബന്ധപ്പെട്ട് ബാങ്ക് അയച്ച എസ്എംഎസിൽ നിന്നു പണത്തെ കുറിച്ചു മനസിലാക്കി അതു തട്ടിയെടുക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ആറു മാസത്തിലേറെയായി ഉപയോഗത്തിലില്ലാത്ത ഫോൺ നമ്പർ മറ്റൊരു കസ്റ്റമർക്ക് അനുവദിക്കാൻ മൊബൈൽ ദാതാവിനു കഴിയുമത്രേ.
അതിനാൽ സാമ്പത്തിക ഇടപാടിനായി നൽകിയിട്ടുള്ള ഫോൺ നമ്പർ ഉപയോഗത്തിലില്ലെങ്കിൽ ജാഗ്രത പാലിക്കണം. ഒന്നുകിൽ പണമടച്ച് ഫോൺ നമ്പർ ആക്ടീവായി നിർത്തണം. അല്ലെങ്കിൽ ഉപയോഗത്തിലുള്ള നമ്പർ ബാങ്കിനു നൽകി കെവൈസി പുതുക്കുക. ഉപയോഗത്തിലില്ലാത്ത പഴയ നമ്പർ ബാങ്ക് രേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ടത് കസ്റ്റമറായ നിങ്ങളുടെ ഉത്തരവാദിത്തമാണ്.കാരണം നമ്പർ മറ്റൊരാളുടെ കൈവശമാണെന്ന് അറിയാതെ ബാങ്ക് വിവരങ്ങൾ ഫോണിൽ ലഭ്യമാക്കിക്കൊണ്ടിരിക്കും.
അതുവഴിമേൽപ്പറഞ്ഞതു പോലെ തട്ടിപ്പുകൾ സംഭവിക്കാം. എന്നാൽ ഇതു സാധ്യമാണോ എന്നു ചിലർക്കെങ്കിലും സംശയം തോന്നാം. സംഭവിക്കില്ല എന്നു പൂർണമായും തള്ളിക്കളയാൻ ആവില്ല എന്നു തന്നെയാണ് ബാങ്കിങ് വിദഗ്ധർ പറയുന്നത്. ” ഡിജിറ്റൽ ബാങ്കിങ്ങിന്റെ ഈ കാലഘട്ടത്തിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ താക്കോൽ എന്നത് നിങ്ങളുടെ മൊബൈൽ നമ്പർ ആണ്. അതുകൊണ്ട് തന്നെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺനമ്പർ മറ്റൊരാളുടെ കയ്യിൽ കിട്ടിയാൽ അപകടമാണ്”, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ഡിജിറ്റൽ ബാങ്കിങ് വിഭാഗം മേധാവിയുമായ ജിതേഷ് പി വി പറയുന്നു.