ഫുൽബനി: ഒഡീഷയിലെ കാൻഡമാലിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് സദിംഗിയ ഗ്രാമത്തിൽ മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററിനുസമീപമാണ് കിയാമുണ്ട സ്വദേശി പ്രിയരഞ്ജൻ കൻഹറി(18)ന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസം പോസ്റ്ററുകൾക്കുമുന്നിൽനിന്ന് രണ്ടു കുഴിബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കിയിരുന്നു.ഇതിന് 50 മീറ്റർ അകലെയാണ് ഇന്നലെ സ്ഫോടനം നടന്നത്. നാലുദിവസംമുന്പ് ഒരു മാധ്യമപ്രവർത്തകൻ സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.സിപിഐ (മാവോയിസ്റ്റ്) കാലഹന്ദി-കാൻഡമാൽ-നയാഗഡ് ഡിവിഷനാണ് സ്ഫോടനത്തിനുപിന്നിലെന്നാണു പോലീസിന്റെ നിഗമനം.