തിരുവനന്തപുരം : തലസ്‌ഥാനനഗരിയിൽ പട്ടാപ്പകല്‍ യുവതിയെ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.
പേരൂര്‍ക്കട അമ്പലമുക്ക് കുറവന്‍കോണം റോഡിലെ അമ്പലനഗറില്‍ ടാബ്‌സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക് എന്ന അലങ്കാരച്ചെടി വ്യാപാരസ്‌ഥാപനത്തിലെ ജീവനക്കാരി വിനീതമോൾ കുത്തേറ്റുമരിച്ച സംഭവത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണു ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതമോളെ(38) കുത്തേറ്റുമരിച്ച നിലയിൽ കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മൂന്ന് മുറിവുകളുണ്ട്. പുല്ല് വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികകൊണ്ടാണു കൊലപാതകമെന്നു പോലീസ് സംശയിക്കുന്നു.
വിനീത 10 മാസം മുമ്പാണു സ്‌ഥാപനത്തില്‍ ജോലിക്കു ചേര്‍ന്നത്. ഇന്നലെ കട അവധിയായിരുന്നെങ്കിലും ചെടികള്‍ നനയ്‌ക്കാന്‍ എത്തണമെന്ന് ഉടമ തോമസ് മാമ്മന്‍ നിർദ്ദേശിച്ചതനുസരിച്ചാണു വിനീത എത്തിയത്. ഉച്ചയ്‌ക്കു രണ്ടുപേര്‍ ചെടി വാങ്ങാനെത്തിയപ്പോള്‍ കടയില്‍ ആരെയും കാണാത്തതിനാല്‍ തോമസിനെ ഫോണില്‍ വിളിച്ചു. വിനീതയെ ഫോണില്‍ കിട്ടാതായതോടെ തോമസ് പരിസരവാസിയായ മറ്റൊരു ജീവനക്കാരി സുനിതയെ കടയിലേക്കയച്ചു. സുനിതയാണു ചെടികള്‍ക്കിടയില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു.
കൊലപാതകത്തിനു പിന്നില്‍ മോഷണശ്രമമാണോയെന്നും പരിശോധിച്ചുവരുന്നു.സംഭവമറിഞ്ഞ് വിനീതയുടെ മാതാപിതാക്കളായ വിജയന്‍, രാഗിണി, മക്കളായ അക്ഷയ്‌കുമാര്‍, അനന്യകുമാരി എന്നിവര്‍ സ്‌ഥലത്തെത്തി. വിനീതയുടെ നാലര പവന്റെ മാല നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് അമ്മയുടെ മൊഴി. വില്‍പ്പനശാലയിലെ കളക്‌ഷന്‍ പണമായ 25,000 രൂപ വിനീതയുടെ ഹാന്‍ഡ് ബാഗിലുണ്ടായിരുന്നു. രാത്രി കളക്‌ഷന്‍ പണം വീട്ടിലേക്കു കൊണ്ടുപോകുന്ന വിനീത രാവിലെ അതു തിരികെക്കൊണ്ടുവരുകയാണു പതിവ്. ഭര്‍ത്താവ് സെന്തില്‍കുമാര്‍ രണ്ടുവര്‍ഷം മുമ്പ് ഹൃദ്രോഗത്തേത്തുടര്‍ന്ന് മരിച്ചു. മെയിന്‍ റോഡരികിലെ കടയോടു ചേര്‍ന്ന് നിരവധി വീടുകളുണ്ട്. എന്നാല്‍, ആരും ഒച്ചയോ ബഹളമോ കേട്ടില്ല.
പോലീസ് സി.സി. ടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരുന്നു. പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ കടയ്‌ക്കു പിന്നിലേക്കാണ് ഓടിയത്. ഇന്‍ക്വസ്‌റ്റിനുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന് നെടുമങ്ങാട് ശാന്തിതീരത്ത്. സിറ്റി പോലീസ് കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ. തുടങ്ങിയവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.