വാഷിംഗ്ടൺ: യുക്രൈൻ ആക്രമിക്കുന്നതിന് റഷ്യ 70% തയാറെടുപ്പും പൂർത്തിയാക്കിയെന്ന് യുഎസ് റിപ്പോർട്ട്. വരുന്ന ആഴ്ചകളിൽ തന്നെ യുക്രൈൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് നിർദേശം നൽകിയേക്കുമെന്ന ആശങ്ക ശക്തമാകുന്നിതിനിടെയാണ് യുഎസ് വെളിപ്പെടുത്തൽ.
തന്ത്ര പ്രധാനമായ ആണവ സേനയുടെ അഭ്യാസം സാധാരണ ശീതകാല അവസാനത്തോടെ നടത്തുന്നത് ഈ മാസം പകുതിയോടെ ആരംഭിക്കുന്നത് ഇതിന്റെ സൂചനയായി യുഎസ് വിലയിരുത്തുന്നു. നയതന്ത്ര ചർച്ചകളിലൂടെയേ പ്രശ്ന പരിഹാരം സാധ്യമാകൂ എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുക്രൈനിൽ നേരിട്ട് ഇടപെടില്ലെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും നാറ്റോ അംഗങ്ങളായ അയൽ രാജ്യങ്ങളിൽ യുഎസ് സേനാ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്.
യുക്രെയ്ൻ നാറ്റോ അംഗമല്ലെങ്കിലും യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈനിക പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ യുദ്ധസന്നദ്ധരായി റഷ്യയുടെ 750–1000 സൈനികർ വീതമുള്ള 85 ബറ്റാലിയൻ നിലയുറപ്പിച്ചുണ്ട്. മറ്റ് 14 തന്ത്രപ്രധാന ബറ്റാലിയനുകൾ മറ്റിടങ്ങളിലും സജ്ജമാണ്. യുക്രൈനിൽ പൂർണ അധിനിവേശത്തിനു ശ്രമിക്കാതെ ഭാഗിക ഇടപെടലിനുള്ള റഷ്യൻ സാധ്യതയാണ് യുഎസ് കാണുന്നത്.