കൊച്ചി: സി കാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലകളിൽ തിയറ്ററുകൾ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടറിയിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. അടച്ചിട്ട എസി ഹാളുകളിൽ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ആളുകൾ ചെലവഴിക്കുന്നത് കൊറോണ വ്യാപനം സാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു.തിയറ്ററുകളോട് സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. മാളുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിച്ചതായും സർക്കാർ പറഞ്ഞു. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കൊറോണ വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാർ സത്യവാങ്മൂലം നൽകി.
സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം ചോദ്യം ചെയ്ത് തിയേറ്ററുടമകൾ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്‍റെ മറുപടി. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.അതേസമയം, കൊറോണ നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫെഫ്ക. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊറോണ നിയന്ത്രണത്തിനായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.