ന്യൂഡെൽഹി: രാജ്യത്ത് കൊറോണ രോഗികൾ കുറഞ്ഞുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കൊറോണയുടെ പുതിയ തരംഗത്തോട് രാജ്യം വിജയകരമായി പൊരുതിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 4.5 കോടി കുട്ടികൾക്ക് നാം വാക്സിൻ നൽകിക്കഴിഞ്ഞു. ഇത് അഭിമാനിക്കാൻ വകനൽകുന്ന കാര്യം തന്നെയാണ്.രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഒരു കോടിയോളം കുട്ടികൾ പോസ്റ്റ് കാർഡുകളിലൂടെ അവരുടെ മൻ കി ബാത്ത് ചിന്തകൾ എനിക്കയച്ചു. അവയിൽ പലതും ഞാൻ വായിച്ചു.
രാഷ്ട്രത്തിന്റെ ശോഭനമായ ഭാവിക്ക് ഇന്നത്തെ തലമുറയുടെ ചിന്തകൾ വളരെ പ്രധാനപ്പെട്ടതാണ്.രാജ്യത്ത് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. അവരിൽ ചില പേരുകൾ അധികം ആളുകൾ കേൾക്കാത്തവയായിരിക്കും. സാധാരണ ജീവിത സാഹചര്യങ്ങളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചവരാണ് അവർ. നമ്മൾ പാടിപ്പുകഴ്ത്താത്ത ഈ നാടിന്റെ നായകരാണവർ.സ്വാതന്ത്രാനന്തരം രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരുടെ സ്മാരകമാണ് ഡെൽഹിയിലെ ദേശീയ യുദ്ധ സ്മാരകം. അമർ ജവാൻ ജ്യോതി രക്തസാക്ഷികളുടെ അനശ്വരതയുടെ പ്രതീകമാണെന്ന് ചില മുതിർന്ന സൈനികർ എനിക്ക് കത്തെഴുതിയിട്ടുണ്ട്. നിങ്ങൾക്ക് അവസരം കിട്ടുമ്പോഴെല്ലാം നിങ്ങൾ നമ്മുടെ ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.