തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസ്സർ പദവി നൽകാൻ കാലിക്കറ്റ് സർവകലാശാല യുജിസി ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ഗവർണർ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.
സർവീസിൽ നിന്ന് വിരമിച്ച കോളേജ് അധ്യാപകർക്കുകൂടി പ്രൊഫസ്സർ പദവി അനുവദിക്കാൻ യു ജി സി ചട്ടം ലംഘിച്ചെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്. വിശദീകരണം തേടിയുള്ള ഗവർണറുടെ കത്ത് നാളെ ചേരുന്ന കാലിക്കട്ട് സിൻഡിക്കേറ്റ് യോഗത്തിന്റെ പരിഗണന യ്ക്ക് വരുമെന്ന് അറിയുന്നു. സർവീസിൽ തുടരുന്നവരെ മാത്രമേ പ്രൊഫസ്സർ പദവിക്ക് പരിഗണിക്കാൻ പാടുള്ളുവെന്ന് യൂജിസി വ്യവസ്ഥ ചെയ്തിട്ടുണ്ട്. യൂജിസി റെഗുലേഷൻ ഭേദഗതികൾ കൂടാതെ അതേപടി നടപ്പാക്കികൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി ചാൻസിലർ എന്ന നിലയിൽ ഗവർണർ ആദ്യം ഒപ്പുവച്ച ഫയലുകളിൽ ഒന്നാണ് ഇത്. സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് ഇതിന്റെ അടിസ്ഥാനത്തിൽ പ്രൊഫസർ പദവി നൽകുന്നത് കേരള സർവകലാശാല നിരാകരിച്ചി രിക്കുമ്പോഴാണ് വിരമിച്ചവർക്ക് കാലിക്കറ്റ് ‘ സിൻഡിക്കേറ്റ് പ്രൊഫസ്സർ പദവി ‘ അനുവദിച്ചത്.
മന്ത്രി ആർ.ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തൃശൂർ കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് അധ്യാപകയായിരിക്കവേ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 2021മാർച്ചിൽ ഔദ്യോഗിക പദവിയിൽ നിന്ന് സ്വയം വിരമിച്ചത്.മന്ത്രിക്ക് മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി ലഭിക്കാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യുജിസി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റിയുടെ ആരോപണം. ബിന്ദു പ്രൊഫസ്സർ എന്ന പേരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതിനെ തുടർന്ന് മന്ത്രിയുടെ പേരിനൊപ്പമുള്ള പ്രൊഫസ്സർ പദവി സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ നേരത്തെ നീക്കം ചെയ്തിരുന്നു.
യു ജി സി ചട്ടങ്ങൾ ലംഘിക്കാൻ സംസ്ഥാന സർക്കാറിനോ സർവകലാശാലയ്ക്കോ അധികാരമില്ല. എന്നാൽ വിരമിച്ച കോളേജ് അധ്യാപകർക്ക്കൂടി മുൻകാലപ്രാബല്യത്തിൽ പ്രൊഫസ്സർ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് ഉപസമിതിയുടെ ശുപാർശ വിശദമായ പഠനം കൂടാതെ വിസി അംഗീകരിക്കുകയായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻസ്.ശശികുമാറും സെക്രട്ടറി.എം ഷാജർഖാനും ആവശ്യപ്പട്ടു.