തിരുവനന്തപുരം: ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അവലോകനയോഗത്തിനുശേഷം മന്ത്രി വാർത്താസമ്മേളനത്തത്തിൽ അറിയിച്ചതാണിത്.എട്ടുമുതൽ 12വരെ ക്ലാസുകളിൽ ജിസ്യൂട്ട് സംവിധാനം വഴിയായിരിക്കും ഓൺലൈൻ ക്ലാസുകൾ. ഹാജർ നിർബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.ഏഴുവരെയുള്ള ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴിയായിരിക്കും. ക്ലാസ് അധ്യാപകർ വിദ്യാർഥികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം. വാക്സിനേഷൻ സംബന്ധിച്ച റിപ്പോർട്ടും കൃത്യമായി നൽകണം. മോഡൽ പരീക്ഷ നടത്തുന്നത് അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. എസ്എസ്എൽസി, ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ആദ്യം നടത്താനുള്ള തീരുമാനം മാറ്റി. എഴുത്തുപരീക്ഷകൾ നടത്തിയ ശേഷമാകും പ്രാക്ടിക്കൽ പരീക്ഷകൾ. വാർഷിക പരീക്ഷ നടത്തിപ്പിൽ ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്കു മുൻപ് തന്നെ പൂർത്തിയാക്കും. അതിനനുസരിച്ച് പുതിയ ക്ലാസ് ടൈംടേബിൾ തയാറാക്കും. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29ന് തന്നെ തുടങ്ങും. അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ചോദ്യപേപ്പറുകൾ അതാതു കേന്ദ്രങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷാ ജോലികൾക്ക് അധ്യാപകരെ നിയോഗിച്ചു കഴിഞ്ഞു. കൊറോണ ബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞ വർഷത്തെപ്പോലെ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.